ന്യൂഡൽഹി: കേന്ദ്ര ബജറ്റ്, നിക്ഷേപം വർധിപ്പിക്കുമെന്നും ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിന് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാർക്കും മധ്യവർഗവിഭാഗത്തിനും ഗുണം ചെയ്യുന്ന ബജറ്റാണെന്നും ധാരാളം തൊഴിൽ അവസരങ്ങളും ഉറപ്പുതരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതി ഒഴിവാക്കി. എല്ലാ വരുമാന വിഭാഗങ്ങൾക്കും നികുതി കുറച്ചു. ഇത് മധ്യവർഗത്തിന് വളരെയധികം ഗുണം ചെയ്യും’. ബഹുമുഖ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി ധനമന്ത്രിക്കും സംഘത്തിനും അഭിനന്ദനങ്ങളും അറിയിച്ചു.
എല്ലാ മേഖലകൾക്ക് ബജറ്റിൽ മുൻ ഗണന നൽകിയിട്ടുണ്ടെന്നും വരും വർഷങ്ങളിൽ ഇത് വലിയ മാറ്റങ്ങൾക്ക് വഴി തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്കുള്ള ‘കിസാൻ ക്രെഡിറ്റ് കാർഡ്’ 5 ലക്ഷം രൂപയായി ഉയർത്തുന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ കാർഷിക മേഖലയിലും മുഴുവൻ ഗ്രാമീണ സമ്പദ്വ്യവസ്ഥയിലും ഒരു പുതിയ വിപ്ലവം സൃഷ്ടിക്കും. ഗിഗ് തൊഴിലാളികൾക്കുള്ള സാമൂഹിക സുരക്ഷാ അവാർഡ് തൊഴിലാളികളുടെ അന്തസ്സിനെ ബഹുമാനിക്കുന്ന തന്റെ സർക്കാരിന്റെ പ്രതിബദ്ധതയെ വരച്ചുകാണിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
