മൂന്ന് മണിക്കൂറിലേറെ വൈകിയ വന്ദേഭാരത് മറ്റൊരു എഞ്ചിനെത്തിച്ച് പുറപ്പെട്ടു.

ഷൊർണൂർ: സാങ്കേതിക തകരാറിനെ തുടർന്ന് ഷൊർണൂർ സ്റ്റേഷനിൽ പിടിച്ചിട്ട വന്ദേഭാരത് എക്സ്പ്രസ് വീണ്ടും യാത്രയാരംഭിച്ചു. മൂന്ന് മണിക്കൂറിലേറെ സ്റ്റേഷനിൽ പിടിച്ചിട്ടതിന് ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. മറ്റൊരു സാധാരണ ഡീസൽ എഞ്ചിൻ കൊണ്ടുവരികയും വന്ദേഭാരതുമായി ബന്ധിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് യാത്രാ പ്രശ്നം പരിഹരിച്ചത്.

ഇന്ന് 5.30 ന് ഷൊർണൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് സാങ്കേതിക തകരാർ മൂലം വൈകിയത്. അതിവേഗ യാത്രയ്ക്കായി വന്ദേഭാരതിനെ ആശ്രയിച്ച യാത്രക്കാർ ഇതോടെ ദുരിതത്തിലായി. ഷൊർണൂർ സ്റ്റേഷനിൽ നിന്ന് നീങ്ങിയ ട്രെയിൻ ഷൊർണൂർ പാലത്തിനടുത്ത് നിർത്തുകയായിരുന്നു.

മണിക്കൂറുകളോളം ഈ പാലത്തിനടുത്ത് നിന്ന ട്രെയിൻ പിന്നീട് സ്റ്റേഷനിലേക്ക് തിരികെ എത്തിക്കുകയും മറ്റൊരു എഞ്ചിൻ കൊണ്ടുവരുന്നത് വരെ കാത്തിരിക്കുകയായിരുന്നു. അതേസമയം ട്രെയിനിന് അങ്കമാലിയിൽ സ്റ്റോപ്പ് അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെ പരിഗണിച്ചാണ് അങ്കമാലിയിൽ സ്റ്റോപ്പ് അനുവദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!