‘എല്ലാവർക്കും അയാളെ തോൽപ്പിക്കണം, പക്ഷെ അദ്ദേഹം അതുക്കും മേലെ’; മസ്കിനെ പുകഴ്ത്തി ISRO ചെയർമാൻ

ബഹിരാകാശത്തുനിന്ന് പറന്നിറങ്ങിയ റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ ഉപയോഗിച്ച് പിടിച്ചെടുത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഇലോൺ മസ്ക് അദ്ദേഹത്തിന്റെ സ്പേസ് എക്സും ലോകമാകെ വാർത്തകളിൽ നിറഞ്ഞത് അടുത്തിടെയാണ്.

ബഹിരാകാശരംഗത്തെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നേട്ടത്തെ നിരവധി പേർ അന്ന് പ്രകീർത്തിച്ചിരുന്നു. ഇപ്പോഴിതാ, ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയുടെ മേധാവിയും മലയാളിയുമായ എസ്. സോമനാഥും മസ്കിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.

ഇലോൺ മസ്ക്‌ ബഹിരാകാശം ഇപ്പോൾ കൂടുതൽ ആകർഷകമായിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ‘അവിടെ യു.എസ്സിലുള്ള ആ മനുഷ്യനുണ്ടല്ലോ, അയാൾ ‘ചോപ്പ്സ്റ്റിക്ക്’ ഉപയോഗിച്ച് പിടിച്ചെടുക്കാവുന്ന റോക്കറ്റുകൾ കൊണ്ട് എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. എല്ലാവരും ചോദിക്കുന്നു, ഐ.എസ്.ആർ.ഒ. എപ്പോഴാണ് ഇത് ചെയ്യാൻ പോകുന്നതെന്ന്. എല്ലാവരും ഇലോൺ മസ്കിനെ തന്നെയാണ് ശ്രദ്ധിക്കുന്നത്.

എല്ലാവർക്കും അയാളെ തോൽപ്പിക്കണം. എന്നാൽ അയാൾ അതിനെല്ലാം എത്രയോ മുകളിലാണ്.’ -സോമനാഥ് പറഞ്ഞു.

ഇലോൺ മസ്ക് ചെയ്യുന്ന കാര്യങ്ങളെല്ലാം തങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നതാണെന്നും ഐ.എസ്.ആർ.ഒ. മേധാവി കൂട്ടിച്ചേർത്തു. യുവാക്കൾ ബഹിരാകാശരംഗത്തേക്ക് കൂടുതലായി ആകർഷിക്കപ്പെടാൻ കാരണം ഇലോൺ മസ്കാണ്. ഡൽഹി ഐ.ഐ.ടിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് എസ്. സോമനാഥ് ഇക്കാര്യങ്ങൾ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!