ദന അതിതീവ്രചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടും. ചുഴലിക്കാറ്റിന്റെ മുൻ കരുതൽ ഭാഗമായി കൊൽക്കത്ത വിമാനത്താവളം അടച്ചിടും. വൈകീട്ട് ആറ് മണി മുതൽ 15 മണിക്കൂർ നേരമായിരിക്കും അടച്ചിടുകയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഒഡിഷയിലെ ബാലസോറിന് സമീപം ദമ്ര തുറമുഖത്തും, ബംഗാളിലെ സാഗർ ദ്വീപിലുമായാകും ചുഴലിക്കാറ്റ് തീരം തൊടുക.
രണ്ട് സംസ്ഥാനങ്ങളിലുമായി ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ നിന്ന് 20 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ചുഴലിക്കാറ്റ് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ ആഘാതം സൃഷ്ടിക്കുമെന്നു കരുതി, മുൻ അനുഭവങ്ങളുടെ പിൻബലത്തിലാണു സർക്കാരിന്റെ തയാറെടുപ്പ്.മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗത്തിൽ വീശുന്ന ചുഴലിക്കാറ്റ്, 24ന് രാത്രിയിലും 25ന് പുലർച്ചെയുമായി ഒഡീഷ ബംഗാൾ തീരങ്ങളിലൂടെ കടന്നുപോകും.
ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും 11 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
