എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളില്‍ 2024-25 വര്‍ഷം ഗേറ്റ്/സീഡ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ എംഇ /എംടെക്/എംഡെസ് കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എഐസിടിഇ പിജി സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിനായുള്ള അവസാനം തീയതി നവംബര്‍ 30 ആണ്.
https://pgscholarship.aicte-india.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇവിടെ അപേക്ഷയുടെ വിശദവിവരങ്ങള്‍ ലഭ്യമാണ്. രജിസ്‌ട്രേഷന്‍ നടത്തുന്നതിനായി വിദ്യാർത്ഥികൾ ‘യുണിക് ഐഡി’ ഉപയോഗിച്ച് വെബ്‌പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ആവശ്യമായ രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
രേഖകളില്‍ ഗേറ്റ്/സീഡ് സ്‌കോര്‍ കാര്‍ഡ്, സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്, എസ്‌സി/എസ്ടി/ഇഡബ്ല്യുഎസ്/ഒബിസി-നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
വിദ്യാര്‍ത്ഥികള്‍ നവംബര്‍ 30നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. ഡിസംബര്‍ 15നകം സ്ഥാപന മേധാവി ആവശ്യമായ പരിശോധനകള്‍ നടത്തി വിശദവിവരങ്ങള്‍ എഐസിടിഇയ്‌ക്ക് കൈമാറും.
മാസവരുമാനം: അര്‍ഹരായവര്‍ക്ക് എഐസിടിഇ പ്രതിമാസം ₹12,400 രൂപ വീതം രണ്ട് വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയും ഈ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും.
വിദേശ വിദ്യാർത്ഥികൾ, സ്‌പോണ്‍സേര്‍ഡ് വിഭാഗത്തില്‍ പ്രവേശനം ലഭിച്ചവര്‍, മാനേജ്‌മെന്റ് അഡ്മിഷന്‍ നേടിയവര്‍ എന്നിവരക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അര്‍ഹതയുണ്ടാകില്ല. ഒരിക്കല്‍ സ്‌കോളര്‍ഷിപ്പോടെ പിജി പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും മറ്റൊരു പിജി പ്രവേശനം നേടുന്നതിന് സ്‌കോളര്‍ഷിപ്പ് അനുവദിക്കപ്പെടില്ല. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
