സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഇ-മെയില്‍ മുഖേന സമര്‍പ്പിക്കാന്‍ അവസരം ഒരുക്കിയതായി പൊലീസ് അറിയിച്ചു. digtvmrange.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് പരാതികള്‍ അയയ്ക്കാവുന്നതാണ്. ഈ ഇ-മെയില്‍ വിലാസം ഡിഐജി അജീത ബീഗത്തിന്റേതാണ്. കൂടാതെ, 0471-2330747 എന്ന ഫോണ്‍ നമ്പറിലൂടെയും പരാതികള്‍ അറിയിക്കാമെന്ന് പൊലീസ് വ്യക്തമാക്കി.
സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ പരിശോധിക്കാന്‍ ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഈ ഏഴംഗ സംഘത്തില്‍ ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഐജിപി ജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി എസ് അജീത ബീഗം, ക്രൈംബ്രാഞ്ച് എച്ച്‌ക്യു എസ്പി മെറിന്‍ ജോസഫ്, കോസ്റ്റല്‍ പോലീസ് എഐജി ജി പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്റെ, ലോ & ഓര്‍ഡര്‍ എഐജി അജിത്ത് വി, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്‍ എന്നിവരാണ് ഈ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍.
