ഇരിട്ടി: ഇരിട്ടി മേഖലയിൽ മണൽ ലോബി വീണ്ടും സജീവമാകുന്നതായി സൂചന. ശനിയാഴ്ച വള്ളിത്തോട് ഭാഗത്ത് നിന്ന് ഇരിട്ടിയിലേക്ക് അനധികൃതമായി കടത്തിയ 200 അടി പുഴ മണലുമായി ടിപ്പർ ലോറിയും ഡ്രൈവർ ഷിനോദിനെയും പൊലീസ് പിടികൂടി.
അന്വേഷണത്തിൽ, രേഖകളില്ലാതെ ടിപ്പർ ലോറിയിൽ മണൽ കടത്തുന്നതായി പൊലീസ് കണ്ടെത്തി. മഴ കുറഞ്ഞതും ബാരാപ്പോൾ പുഴയിൽ അടിഞ്ഞുകൂടിയ മണൽ മാഫിയ സംഘം വ്യാപകമായി കടത്തുന്നത് പതിവാണ്. പിടിക്കപ്പെടുന്ന വാഹനങ്ങൾ കോടതിയിൽ പണം കെട്ടിയിറക്കി വീണ്ടും നിയമലംഘനത്തിന് ഉപയോഗിക്കുന്നത് തടയാൻ വകുപ്പുകൾക്ക് സാധിക്കുന്നില്ല.
പുഴയിൽ അടിഞ്ഞുകൂടുന്ന മണൽ കോരിമാറ്റാൻ ടെൻഡർ നൽകിയില്ലെന്നത് സർക്കാരിന് കോടികളുടെ നഷ്ടമാണ്. ഈ അവസരം മുതലാക്കി മണൽ മാഫിയ പൊലീസിനെയും അധികൃതരെയും നോക്കുകുത്തികളാക്കി കോടികളുടെ മണൽ കടത്തിയാണ് നടത്തുന്നത്.
