കൊല്‍ക്കത്ത ബലാത്സംഗ-കൊലപാതക കേസില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിൽ നടന്ന ബലാത്സംഗ-കൊലപാതകക്കേസിൽ, സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിന്റെ വാദം ചൊവ്വാഴ്ച കേൾക്കും.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് രാവിലെ 10:30നാണ് വാദം കേൾക്കുന്നത്.

ഡൽഹി മെഡിക്കൽ അസോസിയേഷൻ ഈ കേസിൽ കക്ഷി ചേരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം പത്തിനാണ് കൊല്‍ക്കത്തയിലെ ആർ.ജി. കാർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പി.ജി. വിദ്യാർഥിനിയായ ട്രെയിനി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

കൊല്‍ക്കത്ത ഹൈക്കോടതി കേസിന്റെ തുടർ അന്വേഷണം സി.ബി.ഐക്ക് കൈമാറിയിരുന്നു. ഫെഡറേഷൻ ഓഫ് റെസിഡൻറ്സ് ഓഫ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഈ കേസിൽ ഇടപെടൽ ഹർജി നൽകിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ ആർ.ജി. കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരുടെ സംരക്ഷണത്തിനായി കേന്ദ്ര സേനയെ വിന്യസിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

“ആശുപത്രികളിലും പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ഡോക്ടർമാരുടെയും മെഡിക്കൽ സർവീസ് ജീവനക്കാരുടെയും സംരക്ഷണത്തിനായി മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു പാനല്‍ രൂപീകരിക്കാനുള്ള ശ്രമം ഡൽഹി മെഡിക്കൽ അസോസിയേഷൻ നടത്തിവരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!