കൽപ്പറ്റ: നടനും ലഫ്. കേണലുമായ മോഹൻലാൽ വയനാട്ടിലെത്തി. ടെറിറ്റോറിയൽ ആർമി ലഫ്. കേണലായ മോഹൻലാൽ സൈനിക യൂണിഫോമിൽ മേജർ രവിക്കൊപ്പമാണ് എത്തിയത്.
സൈനിക ക്യാംപിലേക്കാണ് അദ്ദേഹം ആദ്യം എത്തിയതെങ്കിലും, ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചേക്കും. രക്ഷാദൗത്യത്തിന്റെ ഭാഗമായി, ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചയിടങ്ങളിലേക്കെല്ലാം മോഹൻലാൽ പോകുമെന്നാണ് വിവരം. മുംബയിൽ നിന്ന് ഇന്നലെ രാവിലെയാണ് അദ്ദേഹം നാട്ടിലെത്തിയത്, തുടർന്ന് വയനാട്ടിലേക്ക് യാത്ര തിരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. “വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു” എന്ന കുറിപ്പും അദ്ദേഹം പങ്കുവെച്ചു. കൂടാതെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരെ അഭിനന്ദിക്കുകയും ചെയ്തു.
മോഹൻലാലിനെ കൂടാതെ മമ്മൂട്ടി, ദുൽഖർ, മഞ്ജു വാര്യർ, ആസിഫ് അലി, നവ്യാ നായർ, പേളി മാണി, റിമി ടോമി, സൂര്യ, ജ്യോതിക, കാർത്തി, നയൻതാര, വിക്രം, രശ്മിക മന്ദാന തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. 25 ലക്ഷം രൂപ സംഭാവന ചെയ്ത കമൽഹാസനാണ് ആദ്യമായി സഹായഹസ്തം നീട്ടിയ താരങ്ങളിലൊരാൾ.
മമ്മൂട്ടിയും ദുൽഖറും ചേർന്ന് 35 ലക്ഷം രൂപ നൽകിയിട്ടുണ്ട്. “ഇതൊരു ചെറിയ തുകയാണെന്നറിയാം, ഇനിയും സഹായിക്കുമെന്ന്” മമ്മൂട്ടി വാഗ്ദാനം ചെയ്തു. സൂര്യയും കുടുംബവും അരക്കോടി രൂപ നൽകിയപ്പോൾ, നയൻതാരയും വിഘ്നേഷ് ശിവനും 20 ലക്ഷം രൂപ സംഭാവന നൽകി.
