തിരുവനന്തപുരം∙ രാജ്യം എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ദേശീയ യുദ്ധസ്മാരകത്തിലെത്തി ധീര സൈനികർക്ക് ആദരമർപ്പിച്ചു. പ്രതിരോധമന്ത്രിക്കും സേനാ മേധാവികൾക്കുമൊപ്പമാണ് പ്രധാനമന്ത്രി യുദ്ധസ്മാരകത്തിലെത്തിയത്.

സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി, വായുസേനാ മേധാവി എപി സിങ് എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി ആദരമർപ്പിക്കാനെത്തിയത്. തുടർന്ന് ഡിജിറ്റൽ ഡയറിയിൽ റിപ്പബ്ലിക് ദിന സന്ദേശമെഴുതിയതിനു ശേഷം മോദി കർത്തവ്യപഥിലെത്തി.
ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍ മുഖ്യപ്രമേയമാക്കിയാണ് ഇത്തവണ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ലെയ്നും രാജ്യത്തിന്റെ മുഖ്യാതിഥികളായി പങ്കെടുത്ത റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയർത്തി.തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങൾ കൊണ്ട് മനോഹരമാക്കിയ പ്ലോട്ടുകളുടെ വർണ്ണ പകിട്ടാർന്ന ഘോഷയാത്രയും റിപ്പബ്ലിക്ക് ദിനാഘോഷത്തെ വർണ്ണാഭമാക്കി.നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം പരേഡിൽ അവതരിപ്പിച്ചത്.കേരളത്തിന്റെയടക്കം 30 ടാബ്ലോകളാണ് പരേഡിൽ അണിനിരന്നത്. വന്ദേമാതരം ഗാനത്തിന്റെ വരികളെ ചിത്രീകരിക്കുന്ന അപൂർവ ചിത്രങ്ങൾ കർത്തവ്യ പഥിൽ പ്രദർശിപ്പിച്ചു. പുഷ്പാലങ്കാരങ്ങൾ, ക്ഷണക്കത്തുകൾ, വിഡിയോകൾ, ടാബ്ലോകൾ എന്നിവയിലെല്ലാം ഈ പ്രമേയം പ്രതിഫലിച്ചു. ഇന്ത്യൻ സൈന്യം ആദ്യമായി പരേഡിൽ ‘ബാറ്റിൽ അറേ ഫോർമേഷൻ’ പ്രദർശിപ്പിച്ചു. സൈനിക പ്രദർശനത്തിൽ സൈനികരുടെ പരേഡ്, ആധുനിക ആയുധ സംവിധാനങ്ങൾ, ഡ്രോണുകൾ, ടാങ്കുകൾ, മിസൈൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ളവ പ്രദർശിപ്പിച്ചു. ഇന്ത്യൻ നാവികസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇതിൽ ഉൾപ്പെട്ടിരുന്നു.

