തിരുവനന്തപുരം : കേരളത്തിലെ യുവജനങ്ങളെ തൊഴിൽസജ്ജരാക്കാനും അവരെ ഉൽപ്പാദന മേഖലയുടെ ഭാഗമാക്കാനും ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ കണക്ട് ടു വർക്ക് പദ്ധതിക്ക് തലസ്ഥാനത്ത് തുടക്കം കുറിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തിലോ മത്സരപരീക്ഷാ തയ്യാറെടുപ്പിലോ ഏർപ്പെട്ടിരിക്കുന്ന യുവജനങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിമാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് സാമ്പത്തിക സഹായം നൽകുന്ന ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ തന്നെ 30,000-ത്തിലധികം അപേക്ഷകൾ ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമായി പരിവർത്തിപ്പിക്കാനാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾ മുഖ്യമന്ത്രി പരാമർശിച്ചു. പഠനം കഴിഞ്ഞ് തൊഴിൽ അന്വേഷിക്കുക എന്ന പഴയ രീതിയിൽ നിന്നും മാറി, പഠനത്തോടൊപ്പം തൊഴിലും നൈപുണ്യ വികസനവും എന്ന പുതിയ കാഴ്ചപ്പാടിലേക്ക് യുവജനങ്ങൾ എത്തിച്ചേർന്നിരിക്കുന്നു. യുവജനങ്ങളെ വെറും തൊഴിൽ അന്വേഷകർ എന്നതിലുപരി തൊഴിൽ ദാതാക്കളും സംരംഭകരുമാക്കി മാറ്റാനാണ് സർക്കാർ നടപടികളുമായി മുന്നോട്ടുപോകുന്നത്. ആശയങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന സ്റ്റാർട്ടപ്പ് നയമാണ് സംസ്ഥാനം നടപ്പാക്കുന്നത്. 2016-ൽ വെറും 300 സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്ന കേരളത്തിൽ ഇന്ന് അവയുടെ എണ്ണം 7,500 കടന്നതായും വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗിലൂടെ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
5 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി പഠനം പൂർത്തിയാക്കിയ 18 നും 30 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം.ഇ-എംപ്ലോയ്‌മെന്റ് പോർട്ടൽ (eemployment.kerala.gov.in) വഴി ഓൺലൈനായാണ് ‘കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാവുന്നതാണ്.
ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ., എ. എ. റഹീം എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, കൗൺസിലർ കെ. ആർ. ക്ലീറ്റസ്, എംപ്ലോയ്മെന്റ് ഡയറക്ടർ സുഫിയാൻ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

