ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബീന്‍ ചുമതലയേറ്റു.

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബീന്‍ ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, മുന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് നിതിന്‍ നബീന്‍ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റത്.

ബിജെപി ആസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പഹാരം അണിയിച്ചാണ് നിതിന്‍ നബീനിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് അവരോധിച്ചത്.ബിജെപിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനെന്ന നേട്ടവുമായാണ് 45കാരനായ നിതിന്‍ നബീന്‍ അധ്യക്ഷസ്ഥാനത്ത് എത്തിയത്.
ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയം ഉറപ്പാക്കുക ഉള്‍പ്പെടെയുള്ള ഭാരിച്ച ചുമതലകളാണ് നിതിന്‍ നബീനു മുന്നിലുള്ളത്.
ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രഡിഡന്‍റായി ഒരു മാസം പ്രവര്‍ത്തിച്ചതിനു ശേഷമാണ് അധ്യക്ഷ സ്ഥാനത്തേക്കു നിതിന്‍ നബീനെ പാര്‍ട്ടി ചുമതലപ്പെടുത്തിയത്.
2006 മുതല്‍ ബിഹാറില്‍നിന്നു തുടര്‍ച്ചയായി എംഎല്‍എയായും പിന്നീട് മന്ത്രിയായും ചുമതല വഹിച്ചിട്ടുള്ള നേതാവ് കൂടിയാണ് നിതിന്‍ നബീന്‍. മുന്‍ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിന്‍ കീഴില്‍ ബിജെപി വലിയ നേട്ടങ്ങളാണ് കൈവരിച്ചതെന്നും ശൂന്യത്തില്‍നിന്നു ശിഖരത്തിലേക്കു പാര്‍ട്ടിയെ എത്തിച്ച നേതാവ് കൂടിയാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പുതിയതായി ചുമതലയേറ്റ ബിജെപി അധ്യക്ഷന് എല്ലാ ആശംസകളും അറിയിച്ച ജെ.പി. നഡ്ഡ തിരുവനന്തപുരം നഗരസഭയില്‍ ബിജെപി നേടിയ വിജയം പാര്‍ട്ടിക്ക് പുതിയ ഊര്‍ജം നല്‍കിയെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബിജെപി ഇനിയും മുന്നേറുമെന്നും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!