ബഹിരാകാശത്തെ നക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും ഗാലക്സികളും തമോഗർത്തങ്ങളുമെല്ലാം ഭൂമിയിലെ മനുഷ്യരെ സംബന്ധിച്ച് അതിശയകരമായ സംഭവങ്ങളാണ്.
അവയെല്ലാം ശാസ്ത്രലോകത്തിന്റെ നിരന്തര നിരീക്ഷണത്തിലുമാണ്. ജ്യോതിശാസ്ത്രജ്ഞർ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രമാണ് എറ്റ കരിന. സൂര്യന്റെ നൂറ് മടങ്ങ് പിണ്ഡമുള്ള അതിഭീമൻ നക്ഷത്രമാണിത്. ഒരു വലിയ പൊട്ടിത്തെറിയുടെ വക്കിലാണ് ഈ നക്ഷത്രം.
ഭൂമിയില്‍ നിന്ന് 7500 പ്രകാശ വർഷം അകലെ കരിന നെബുലയിലാണ് എറ്റ കരിന സ്ഥിതി ചെയ്യുന്നത്. ശാസ്ത്രലോകത്തിന് അറിവുള്ളതില്‍ ഏറ്റവും കൂടുതല്‍ പിണ്ഡമുള്ളതും തിളക്കമുള്ളതുമായ നക്ഷത്രമാണ് ഇത്.
ഒരു സൂപ്പർനോവ ആയി മാറാൻ സാധ്യതയുള്ള എറ്റ കരിന വർഷങ്ങളായി ശാസ്ത്രലോകത്തിന്റെ തല്‍പരവിഷയങ്ങളിലൊന്നാണ്. 170 വർഷങ്ങള്‍ക്ക് മുമ്ബ് ഇതില്‍ നിന്നുള്ള പൊട്ടിത്തെറി ആരംഭിച്ചിട്ടുണ്ട്. അതുവഴിയാണ് ഈ നക്ഷത്രം ദക്ഷിണ ആകാശത്തെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായി മാറിയത്. ഗ്രേറ്റ് ഇറപ്ഷൻ എന്ന് വിളിക്കുന്ന ഈ പൊട്ടിത്തെറിയെ തുടർന്ന് ഈ നക്ഷത്രത്തിന് ചുറ്റു ‘അവർ ഗ്ലാസ്’ രൂപത്തിലുള്ള ഒരു ഹൊമുൻകുലസ് നെബുല രൂപപ്പെട്ടു. വാതകങ്ങളും പൊടിപടലങ്ങളും കൊണ്ടാണ് ഈ നെബുല രൂപപ്പെട്ടത്.
എറ്റ കരിനയുടെ പൊട്ടിത്തെറി എപ്പോള്‍ നടക്കുമെന്ന് കൃത്യമായി പറയുക പ്രയാസമാണ്. അത് ചിലപ്പോള്‍ അടുത്ത വർഷം നടന്നേക്കാം. ചിലപ്പോള്‍ ഒരു പത്ത് ലക്ഷം വർഷങ്ങള്‍ക്കുള്ളില്‍ എപ്പോഴെങ്കിലുമാവാം.
സ്വാഭാവികമായി ലേസർ രശ്മികള്‍ പുറപ്പെടുവിക്കുന്ന നക്ഷത്രമാണ് എറ്റ കരിന. അടുത്തിടെ എറ്റ കരീനയുടെ ചുറ്റുമുള്ള നെബുലയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ബഹിരാകാശ ദൂരദർശിനിയായ ഹബ്ബിള്‍ പകർത്തിയിരുന്നു.
എസ്‌എൻ 2006 ജിവൈ ഉള്‍പ്പടെ സമീപകാല ചരിത്രത്തില്‍ നിരീക്ഷിച്ച സൂപ്പർ നോവയേക്കാള്‍ തിളക്കമേറിയ സൂപ്പർ നോവ അഥവാ നക്ഷത്രത്തിന്റെ പൊട്ടിത്തെറി ആയിരിക്കും എറ്റ കരിനയുടേത് എന്നാണ് പ്രതീക്ഷ. ഇത് പൊട്ടിത്തെറിക്കുന്നതിന്റെ പ്രകാശം ഭൂമിയിലിരുന്നും കാണാനാവും. ഒരു നക്ഷത്രത്തിന്റെ ജീവതകാലം സംബന്ധിച്ച ഒട്ടേറെ ശാസ്ത്ര വിവരങ്ങളും ഈ സംഭവം നല്‍കും. അതിനായി നക്ഷത്രത്തെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ തുടരുകയാണ് ശാസ്ത്രലോകം.
